ന്യൂഡൽഹി: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിച്ചുവെന്ന രൂക്ഷ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയ പരാജയം നേരിട്ടതിന് പിന്നാലെയാണ് വിഎച്ച്പിയുടെ പ്രതികരണം.
‘സനാതനത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിക്കാൻ നിർബന്ധിതരായി.. വോട്ടിന് വേണ്ടി പ്രീണനത്തിൽ കുടുങ്ങിപ്പോയ ഇവർ സനാതന ധർമ്മത്തിന്റെ ശക്തി മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’ എന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിൽ(ട്വിറ്ററിൽ) കുറിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. സനാതന ധർമ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ഡിഎംകെ മന്ത്രിയുടെ വാദം. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചു നീക്കപ്പെടേണ്ട ഒന്നാണ് സനാതന ധർമ്മമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നും ഉദയനിധി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ബിജെപി, വിഎച്ച്പി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്തു വന്നിരുന്നു. വിഷയത്തിൽ ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി മികച്ച വിജയം നേടിയത്. തെലങ്കാനയിൽ മികച്ച മുന്നേറ്റവും പാർട്ടിക്ക് കാഴ്ചവെക്കാൻ സാധിച്ചു.