ചെന്നൈ: ഹിന്ദു വിരുദ്ധ പരാമർശത്തിൽ യൂ-ടേൺ അടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകളെ ബിജെപി വളച്ചൊടിച്ച് പ്രചരിപ്പിച്ചതായി ഉദയനിധി ആരോപിച്ചു. മദ്ധ്യപ്രദേശിലടക്കം പ്രധാനമന്ത്രി പ്രസംഗങ്ങളിൽ അത് പരാമർശിച്ചു. താൻ വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്നുവരെ സാമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടന്നതായും ഉദയിനിധി പറഞ്ഞു.
ആകെ മൂന്ന് മിനിട്ട് മാത്രമാണ് താൻ ആ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചത്. അതിൽ മലേറിയ പരാമർശം നടത്തിയെന്നത് വാസ്തവമാണ്. എന്നാൽ ഒരു വിഭാഗത്തെയും ഇല്ലായ്മ ചെയ്യണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷെ വാർത്തകൾ വന്നത് അത്തരത്തിലല്ല. ബിജെപി തനിക്കെതിരെ ആസൂത്രിത ആക്രമണം നടത്തി. എല്ലാ സംസ്ഥാനത്തും എന്റെ വാക്കുകൾ വളച്ചൊടിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചു. പലരും തന്റെ തലയ്‌ക്ക് ഇനാം നൽകുമെന്ന് വരെ പ്രഖ്യാപനം നടത്തി. ഉദയനിധി പറഞ്ഞു. തമിഴ്‌നാട് കരൂരിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് സിനിമ പ്രവർത്തകർ നടത്തിയ സനാതന ധർമ്മ ഉന്മുലന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സനാതന ധർമ്മം പകർച്ചവ്യാധികളെ പോലെ തന്നെ നശിപ്പിപ്പിക്കപ്പെടേണ്ട ഒന്നാണെന്നും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സിനിമ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉദയനിധിക്കെതിരെ ഉയർന്നത്. മദ്രാസ് ഹൈക്കോടതിയും ഉദയനിധിയെ വിമർശിച്ചിരുന്നു.