ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 മരണം. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. 12 പർവതാരോഹകരെ കാണാതായതായി റിപ്പോർട്ടുണ്ട്. മൂന്ന് പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന് പേർക്ക് ഗുരുതമായി പെള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
മൂന്നാമത്തെ ഉയർന്ന ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്ന അഗ്നിപർവതമാണ് പൊട്ടി തെറിച്ചത്. മെറാപി പർവതത്തിന്റെ ചെരിവുകളിൽ കഴിഞ്ഞിരുന്ന നിരവധിയാളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് കിലോമീറ്ററോളം ലാവ പരന്നിട്ടുണ്ട്. അന്തരീക്ഷത്തിൽ പൊടിപടലങ്ങളും മറ്റും മൂടിയിട്ടുണ്ട്. റോഡുകളും മറ്റും ചാരം നിറഞ്ഞിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
2,891 മീറ്റർ ഉയരമുള്ള മെറാപ്പി പർവതത്തെ ഇന്തോനേഷ്യയിലും ജാവയിലും ‘ഫയർ മൗണ്ടൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. സെൻട്രൽ ജാവ, യോഗ്യക്കാർത്ത പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവതം ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമായി കണക്കാക്കപ്പെടുന്നു, 1548 മുതൽ പതിവായി പൊട്ടിത്തെറിക്കുന്നു. 1979 ഏപ്രിൽ മാസത്തിലാണ് വലിയ പൊട്ടിത്തെറിയുണ്ടായത്. 60 പേർക്കാണ് അന്ന് ജീവൻ പൊലിഞ്ഞത്. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ പൊട്ടിത്തെറിച്ചിരുന്നു.
കൊടുമുടിയിൽ നിന്ന് 75 മീറ്റർ മുതൽ 1,000 മീറ്റർ വരെ ചാരമാണ് അന്ന് അന്തരീക്ഷത്തിൽ നിറഞ്ഞത്.
ഇന്തോനേഷ്യ പസഫിക്കിലെ ‘റിംഗ് ഓഫ് ഫയർ’ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അഗ്നിപർവ്വത ഏജൻസിയുടെ കണക്കനുസരിച്ച് 127 സജീവ അഗ്നിപർവ്വതങ്ങളാണ് ഇവിടുള്ളത്. ഭൂഖണ്ഡ ഫലകങ്ങളുടെ കൂടിച്ചേരലാണ് ഇവിടെ ഇത്രയധികം അഗ്നിപർവ്വതങ്ങൾ സജീവമാകാൻ കാരണം.