ഹൃദയം നടുങ്ങുന്ന വേദനയുടെ ഒരു വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. കത്തിയെരിയുന്ന വീട്ടില്‍ നിന്ന് കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയാറാകാതിരുന്ന മകനും അമ്മയും തീപിടിത്തത്തില്‍ ദാരുണമായി മരിച്ചു. ചൗപട്ടിക്ക് സമീപം ഗിര്‍ഗോണിലെ നാലുനില കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. 60-കാരനായ ഹിരേണും അമ്മ നളിനിയും(82) ആണ് മരിച്ചത്. രാത്രി പത്തോടെയാണ് തീപിടിത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ 12 ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. മൂന്നാം നിലയില്‍ നിന്ന് ചിലര്‍ ജനാല വഴി രക്ഷപ്പെട്ടെങ്കിലും
ഹിരേണിനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും 60-കാരന്‍ തയാറായില്ല. അമ്മയെ അടുത്തിടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചിരുന്നത്. കിടപ്പിലായിരുന്ന അവരെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയാറാകാതിരുന്ന മകനും മാതാവും വെന്തുമരിക്കുകയായിരുന്നു. തടികളില്‍ നിര്‍മ്മിച്ച കോണിപ്പടിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 3.35 ഓടെയാണ് തീകെടുത്താനായത്. 12-ഓടെ പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എട്ട് ഫയര്‍ എന്‍ജിനും 6 ടാങ്കറുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കെട്ടിടത്തില്‍ തീപിടിത്തം നിയന്ത്രിക്കാനുള്ള ഉപകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.