ന്യൂഡൽഹി: നിബന്ധനകളിൽ ഇളവുവരുത്തി കേരളത്തിന്റെ വായ്പാ പരിധി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് ആകമാനമുള്ള പൊതുനിബന്ധനകളിൽ കേരളത്തിന് വേണ്ടി മാത്രം ഇളവുവരുത്താൻ സാധിക്കില്ലെന്നായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം. ലോക്‌സഭയിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനാണ് മറുപടി ലഭിച്ചത്. നിലവിൽ 47,762 കോടി രൂപയാണ് കേരളത്തിന് വായ്പാ പരിധി. എന്നാൽ ഇതിനേക്കാൾ കൂടുതലായി കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉത്പാദനത്തിന്റെ ഒരു ശതമാനം കൂടെ വായ്പയെടുക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളിൽ നിന്നുളള വായ്പ സംസ്ഥാന സർക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിക്കുമോ എന്നായിരുന്നു എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യം.
2023-24 സാമ്പത്തിക വർഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതിൽ 29136.71 കോടി രൂപ പൊതുവിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വായ്പാ പരിധിയാണെന്നും നിർമല സീതാരാമൻ പാർലമെന്റിൽ വ്യക്തമാക്കി.