ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. ധാരാളം ജലാംശം അടങ്ങിയതിനാൽ തന്നെ ക്ഷീണമകറ്റാൻ ഏറ്റവും നല്ലത് ഓറഞ്ച് തന്നെയാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല ചില പാർശ്വഫലങ്ങളും ഓറഞ്ചിനുണ്ട്. അമിതമായി ഇത് കഴിക്കുന്നവരും മറ്റ് രോഗങ്ങൾ അലട്ടുന്നവരും ശ്രദ്ധയോടെ മാത്രം ഓറഞ്ച് കഴിക്കുക.
പതിവായി ഓറഞ്ച് കഴിക്കുകയാണെങ്കിൽ അതിലെ അസിഡിറ്റി പല്ലുകളുടെ സെൻസിറ്റിവിറ്റിക്ക് കാരണമായേക്കാം. അതിനാൽ ഓറഞ്ച് കഴിച്ചതിന് ശേഷം വായ വെള്ളത്തിൽ കഴുകുന്നത് ഈ പ്രശ്‌നം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് അസിഡിറ്റി വർദ്ധിക്കുന്നതിനും നെഞ്ചെരിച്ചലിനും കാരണമാവും.
സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ അവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഓറഞ്ച് കഴിക്കുക. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ചില ഘടങ്ങൾ മരുന്നുമായി യോജിച്ച് മറ്റ് പല പ്രശ്‌നങ്ങൾക്കും കാരണമാവാം. സാധാരണയായി ഓറഞ്ചിൽ അടങ്ങിയിട്ടുള്ളത് മധുരമാണ്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർ വളരെ ശ്രദ്ധയോടെ മാത്രം ഓറഞ്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചില ആളുകൾ ഒഴിഞ്ഞ വയറിലോ അമിതമായ അളവിലോ ഓറഞ്ച് കഴിക്കാറുണ്ട്. ഇവർക്ക് ഇത് കഴിച്ചതിന് ശേഷം വയറിന് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയേറെയാണ്.