കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. നിരവധി താരങ്ങളാണ് ചിത്രത്തിൽ കമലിനൊപ്പം അണിനിരക്കുന്നത്. ജയം രവി, ദുൽഖർ സൽമാൻ, തൃഷ എന്നിങ്ങനെ താര നിര നീളുകയാണ്.
ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ ഗൗതം കാർത്തിക്കും ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന പുതിയ വിവരങ്ങൾ. മണിരത്നത്തിന്റെ കാതൽ എന്ന ചിത്രത്തിലൂടെയാണ് ഗൗതം കാർത്തിക് അഭിനയരംഗത്തേക്ക് എത്തിയത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫർമാർ.