കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പദ്മകുമാർ സമാന രീതിയിൽ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. ലക്ഷ്യമിട്ടുന്ന കുട്ടികളുടെ വീടും സാമ്പത്തിക പശ്ചാത്തലവുമൊക്കെ വിശദമായി അടയാളപ്പെടുത്തിയിരുന്ന ഡയറി പോലീസ് കണ്ടെടുത്തു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് പദ്മകുമാറും കുടുംബവും കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാട് തുടങ്ങിയ ഓരോ ചെറിയ കാര്യങ്ങൾ പോലും ഏറെ ശ്രദ്ധയോടെയാണ് കുടുംബം പഠിച്ചിരുന്നത്. ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാർ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചതായി പ്രതികൾ പോലീസിനോട് പറഞ്ഞു.
ഒരു കുട്ടിയെ മാത്രം തട്ടിയെടുത്ത് പത്ത് ലക്ഷം രൂപ കയ്യക്കലാക്കാൻ ആയിരുന്നില്ല പദ്മകുമാർ ഉദ്ദേശിച്ചിരുന്നത്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം അനുസരിച്ച് മൂന്ന് ലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. ഇങ്ങനെ മോചനദ്രവ്യമായി കിട്ടുന്ന തുക കടം വീട്ടാനായി ഉപയോഗപ്പെടുത്താനാകാമെന്നായിരുന്നു പദ്മകുമാറിന്റെ കണക്കുകൂട്ടൽ. ചെറിയ തുക ആവശ്യപ്പെട്ടാൽ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിക്കില്ലെന്നായിരുന്നു മൂവരും കരുതിയിരുന്നത്. ഒരിക്കൽ പോലും പിടിക്കപ്പെടുമെന്ന ചിന്ത തങ്ങൾക്കില്ലായിരുന്നുവെന്നും പ്രതികൾ പറഞ്ഞു.















