ദുബായിൽ നടക്കുന്ന COP28-ൽ വൈറലായ ഒരു സെൽഫിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സെൽഫിയാണത്. എന്നാൽ ഇവരുടെ സെൽഫിയെക്കാൾ സമൂഹമാദ്ധ്യമങ്ങളിൽ സെൻസേഷനായ മറ്റൊരു കാര്യമുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കെയ്‌സ്! ഇതാണിപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
ഒരു ഫോൺ കെയ്‌സിൽ എന്തിരിക്കുന്നു എന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഈ ഫോൺകെയ്‌സിന് ഒരു പ്രത്യേകതയുണ്ട്. ഉത്കണ്ഠ അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മാഭിമാനം ഉയർത്താനും ഉപകരിക്കുന്ന സന്ദേശങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഫോൺ കെയ്‌സാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ കയ്യിലുള്ളത്.
‘ എന്റെ ഉത്കണ്ഠയല്ല എന്നെ നിർവചിക്കുന്നത്’, എന്ന തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് ജോർജിയയുടെ ഫോൺ കെയ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനസികോന്മേഷം വർദ്ധിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ അടങ്ങിയ ഫോൺ കെയ്‌സ് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ 7 വയസുള്ള മകൾ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സെൽഫി നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ഇൻസ്റ്റഗ്രാമിൽ 1.33 മില്യൺ ലൈക്ക്‌സും ചിത്രത്തിന് ലഭിച്ചിരുന്നു.