ഷൊർണൂർ: ടിടിഇ എന്ന വ്യാജേന ട്രെയിനിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച യുവാവിനെ പിടികൂടി ആർപിഎഫ്. മങ്കട സ്വദേശി മുഹമ്മദ് സുൽഫീക്കറാണ്(28) പിടിയിലായത്. ഷൊർണൂർ-നിലമ്പൂർ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാജ ഐഡി കാർഡും കാണിച്ച് പ്രതി യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച് വരികയായിരുന്നു.
ഇതിനിടെ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കംപ്യൂട്ടർ ഉപയോഗിച്ച് പ്രതി തന്നെ വ്യാജ ഐഡി കാർഡ് നിർമ്മിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുൽഫീക്കറിനെ തുടർനടപടികൾക്കായി ഷൊർണൂർ റെയിൽവേ പോലീസിന് കൈമാറി. റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.