തിരുവനന്തപുരം: വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആഭ്യന്തര യോഗങ്ങളിൽ പറയുന്നത് സർക്കാർ നിലപാടല്ലെന്നും മികച്ച രീതിയിലാണ് കേരളത്തിൽ പരീക്ഷകൾ നടത്തുന്നതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുകയെന്നത് സർക്കാരിന്റെ നയമല്ല. ശിൽപശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണമെന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ട കാര്യമില്ല. അദ്ധ്യാപകർക്ക് അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. ശരിയും തെറ്റുമായിട്ടുള്ള ഒരുപാട് ചർച്ചകൾ നടക്കാറുമുണ്ട്. ആ നടക്കുന്ന ചർച്ചകൾ എല്ലാം സർക്കാർ നയമായി കാണേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പറഞ്ഞത്.
പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. പക്ഷേ 50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നത്. എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് കിട്ടുക എന്നുവെച്ചാലോ?-അദ്ദേഹം ചോദിച്ചു. എസ്എസ്എൽസി ചോദ്യ പേപ്പർ തയ്യാറാക്കാനായുള്ള ശിൽപശാലയ്ക്കിടെയാണ് വിമർശനം. ഉയർന്ന വിജയശതമാനത്തെ കുറിച്ച് നിരന്തരം പുകഴ്ത്തി പറയുന്ന സർക്കാരിനും വകുപ്പുമന്ത്രിക്കുമേറ്റ അടിയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം.