നല്ല ആവി പറക്കുന്ന പുട്ടും പപ്പടവും പഴവും കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും ബഹുഭൂരിപക്ഷം മലയാളികളും. പുട്ടിനൊപ്പമുള്ള കോമ്പിനേഷൻ ഇവിടെ കൊണ്ട് തീരുന്നില്ല. പുട്ടും കടലയും, പുട്ടും ചിക്കനും, പുട്ടും മുട്ടക്കറിയും, പുട്ടും മീൻ കറിയും, പുട്ടും വെജിറ്റബിൾ സ്റ്റൂവും തുടങ്ങി കോമ്പിനേഷനുകൾ പലവിധമാണെങ്കിലും ഇവിടെ താരം പുട്ട് തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് പുട്ട്. എന്നാൽ അൽപം വെള്ളം കൂടിപ്പോയാൽ ഇങ്ങനെ സമയം കളയുന്ന മാറ്റൊരു വിഭവവുമില്ല. പുട്ടുണ്ടാക്കുമ്പോൾ വെള്ളം കൂടി പോവുന്നത് പലപ്പോഴും നാം നേരിടുന്ന പ്രശ്‌നമാണ്. ഇനി ആ പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാം..
കടയിൽ നിന്നും വാങ്ങുന്ന പുട്ടുപൊടികൾ പലതും പലവിധത്തിലാണ്. മിക്ക പുട്ടുപൊടികൾക്കും ഒരു കപ്പ് പൊടിക്ക് ഒരു കപ്പ് വെള്ളം എന്നതാണ് അളവ്. വെള്ളവും പൊടിയും കുഴച്ച് കുറച്ചു സമയം മാറ്റി വച്ചതിനു ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചില തരം പുട്ടുപൊടികളിൽ ചെറു ചൂടുവെള്ളം ഒഴിച്ച് ഉടനടി ആവി കയറ്റി വേവിച്ചെടുക്കാനും സാധിക്കും. ഇനി അഥവാ പുട്ടുപൊടിയിൽ വെള്ളം കൂടി പോയാലും പരിഹാരമുണ്ട്. വെള്ളം ചേർത്ത് കുഴച്ചെടുത്ത മാവ് ചീനച്ചട്ടിയിലിട്ട് വറുത്തെടുക്കണം. വെള്ളത്തിന്റെ അംശം കുറഞ്ഞെന്നു തോന്നുമ്പോൾ ഇത് പുട്ടുകുറ്റിയിൽ നിറച്ച് ആവി കയറ്റി എടുക്കാം. നല്ല പൂ പോലത്തെ പുട്ട് റെഡി, ഇനി ഇത് ഇഷ്ടമുള്ള കറികളുടെ കൂടെ കഴിക്കാം..















