തിരുവനന്തപുരം: മാറനല്ലൂരിലെ വ്യാപക ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രാദേശിക നേതാക്കന്മാർ അറസ്റ്റിൽ. ഊരുട്ടമ്പലം ലോക്കൽ കമ്മറ്റി അംഗമായ പാപ്പനംകോട് കിഴക്കുകര വീട്ടിൽ അഭിശക്ത്, ഡിവൈഎഫ്‌ഐ പ്രവർത്തകരായ പ്രദീപ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മാറനല്ലൂർ പ്രദേശത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന 20ഓളം വാഹനങ്ങളും ഒരു വീടും പ്രതികൾ അടിച്ചു തകർത്തത്. കൂടാതെ കൃഷികൾ നശിപ്പിക്കുകയും വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മൂന്നംഗസംഘം കഴിഞ്ഞ ദിവസങ്ങളിൽ മാറനല്ലൂർ മേഖലകളിൽ അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് പോലീസ് അറിയിച്ചു. അക്രമസംഘം ലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.
സമാനമായ രീതിയിൽ നിരവധി ഗുണ്ടാ ആക്രമണങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സിപിഎം ഗുണ്ടകളുടെ നേതൃത്വത്തിൽ മാറനല്ലൂർ മേഖലകളിൽ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി.















