ന്യൂഡൽഹി: കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനാകില്ലെന്ന അവകാശ വാദവുമായി തൃശൂർ എം.പി ടി.എൻ പ്രതാപൻ. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാമെന്നത് ബിജെപിയുടെ മോഹം മാത്രമാണെന്ന് പ്രതാപൻ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയ്‌ക്ക് ജയിക്കാനാകില്ല എന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി മികച്ച നടനാണ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ നടനാണ് അദ്ദേഹം. മലയാള സിനിമയ്‌ക്ക് ഒരിക്കലും സുരേഷ് ഗോപിയെ പോലൊരു നടനെ നഷ്ടമാകാൻ പാടില്ലെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം സിനിമയിൽ തുടരണം. കോൺഗ്രസിനേ തൃശൂർ എടുക്കാൻ കഴിയൂ. സുരേഷ് ഗോപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് രാഷ്‌ട്രീയ കേരളം തൃശൂരിനെ ശ്രദ്ധിച്ചത് എന്നും ടി.എൻ പ്രതാപൻ പറഞ്ഞു.
സുരേഷ് ഗോപിയെപ്പറ്റിയുള്ള ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞതെങ്കിലും ടി.എൻ പ്രതാപന്റെ വാക്കുകളിൽ ഭയം വ്യക്തമായിരുന്നു. തൃശൂരിലെ ജനങ്ങൾക്കിടയിൽ സുരേഷ് ഗോപി ചെലുത്തിയ സ്വാധീനവും തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സാന്നിധ്യവും അത്ര നിസാരമായി തള്ളിക്കളയാൻ കഴിയില്ല എന്നത് ടി.എൻ പ്രതാപന്റെ വാക്കുകളിൽ നിന്നും വ്യക്തം.















