എറണാകുളം: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപാതകം, ശിശു സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. കുഞ്ഞ് മരിച്ചാൽ നീല നിറമാകുമോ എന്ന് ഷാനിഫ് ഗൂഗിൾ സെർച്ച് ചെയ്തെന്നും പോലീസ് പറഞ്ഞു. ഡെന്റൽ കാസ്റ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
കുഞ്ഞ് ബാധ്യതയായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ അമ്മയും പങ്കാളിയും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഷാനിഫിന്റെ കാൽമുട്ടുകൊണ്ടായിരുന്നു കുഞ്ഞിനെ ഇടിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് മരണപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് കുട്ടിയെയും കൊണ്ട് ഇവർ ജനറൽ ആശുപത്രിയിൽ പോയത്.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും സുഹൃത്തും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. രണ്ടാം തീയതി രാവിലെ ഇവർ അബോധാവസ്ഥയിലായ കുഞ്ഞിനെ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് കട്ടിലിൽ നിന്നും താഴെ വീണുവെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകളിൽ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.
നേരത്തെ മറ്റൊരാളുമായുള്ള അടുപ്പത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അശ്വതി. പിന്നീടാണ് ഇന്‍സ്റ്റഗ്രാം വഴി ഷാനിഫിനെ പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും. കുഞ്ഞ് ബാധ്യതയാകുമെന്ന് അന്ന് മുതല്‍ അശ്വതിയോട് പറഞ്ഞെന്ന് ഷാനിഫ് പോലീസിന് മൊഴി നല്‍കി. ജനിച്ചത് മുതല്‍ കുഞ്ഞിനെ പലവിധത്തില്‍ ഷാനിഫ് ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു.