ശ്രീനഗർ: ലഡാക്കിനെ താഴ്വരയുമായി ബന്ധിപ്പിക്കുന്ന സോജില ചുരത്തിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ മലയാളികളായ നാല് വിനോദ സഞ്ചാരികൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കേരളത്തിൽ നിന്നുമുള്ള വിനോദസഞ്ചാരികളുമായി പോയ ടാക്‌സിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം സോജില ചുരത്തിൽ നിന്നും താഴേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. എട്ട് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ നാല് പേരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം നടന്നതിന് പിന്നാലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.