തിരുവനന്തപുരം: സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് പുലർത്തിയവരെയാണ് ഗവർണർ നോമിനേറ്റ് ചെയ്യേണ്ടത്. മുൻകാലങ്ങളിലെ പോലെ എകെജി സെന്റ്റിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ തുറന്നുപോലും നോക്കാതെ നോമിനേറ്റ് ചെയ്യുന്ന കീഴ്‌വഴക്കം മാറി. അതിൽ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല.
ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർത്ഥികൾ അതാത് മേഖലയിൽ കഴിവുള്ളവരാണ്. പന്തളം NSS കോളേജിലെ സുധി സദൻ എന്ന വിദ്യാർത്ഥി മിസ്റ്റർ ആലപ്പുഴയായിരുന്നു. ബോഡി ബിൽഡിംഗ് ഇന്റർ കോളജ് മത്സരങ്ങളിൽ സിൽവർ മെഡലിസ്റ്റുമാണ്. മറ്റുള്ളവരും അവരവരുടെ മേഖലകളിൽ നിപുണരാണ്. എബിവിപി പ്രവർത്തകനായതിനാൽ മാത്രം ഒരു വിദ്യാർത്ഥിയെ മാറ്റി നിർത്തണമെന്നാണ് എസ്എഫ്ഐ പറയുന്നത്. എന്നാൽ അത് തെറ്റാണ്, എല്ലാ തവണയും ഈ സ്ഥാനങ്ങൾ എസ്എഫ്ഐക്കാരന് മാത്രം ലഭിക്കുമെന്നത് തെറ്റിദ്ധാരണയാണ്.
ഗവർണർ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് അധികാര പരിധിക്കകത്ത് നിന്നാണ്. സിപിഎം പറയുന്നത് ചെയ്യണമെന്ന മനോഭാവത്തിന് ലഭിച്ച മറുപടിയാണ് കണ്ണൂർ വിസി നിയമനത്തിൽ സുപ്രീം കോടതി.യിൽ നിന്നുണ്ടായ വിധിയെന്ന് മനസിലാക്കണമെന്നും എൻസിടി ശ്രീഹരി പറഞ്ഞു.