ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ തുടർനീക്കങ്ങൾ അറിയാൻ അശോക് ഗെഹ്ലോട്ട് സർക്കാർ സച്ചിന്റെ ഫോൺ ടാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഒഎസ്ഡി ലോകേഷ് ശർമ്മയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2020ൽ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നീക്കങ്ങളിൽ ഗെഹ്ലോട്ടിന് ആശങ്കയുണ്ടായിരുന്നുവെന്നും, ഇതാണ് ഫോൺ ചോർത്തലിലേക്ക് നീണ്ടതെന്നുമാണ് ലോകേഷ് ശർമ്മ പറയുന്നത്.
അതേസമയം ആരോപണങ്ങളിൽ അശോക് ഗെഹ്ലോട്ടോ, സച്ചിൻ പൈലറ്റോ, മറ്റ് കോൺഗ്രസ് നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന് അശോക് ഗെഹ്ലോട്ടാണ് ഉത്തരവാദിയെന്നും ലോകേഷ് ശർമ്മ വിമർശിച്ചു. ”കഴിഞ്ഞ വർഷം സെപ്തംബറിൽ നിയമസഭാ കക്ഷി സമ്മേളനം നടത്താൻ ഗെഹ്ലോട്ടും അയാളുടെ വിശ്വസ്തരും അനുവദിച്ചില്ല. നേതൃമാറ്റം വരുത്തി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വം ആഗ്രഹിച്ചിരുന്നു. ഇത് നടപ്പാക്കിയിരുന്നുവെങ്കിൽ ഇന്ന് രാജസ്ഥാനിലെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ പാർട്ടിയെ വളരെയധികം മോശമായ രീതിയിൽ ബാധിച്ചു.
2020ൽ രാഷ്‌ട്രീയ പ്രതിസന്ധി വന്നപ്പോഴാണ് സച്ചിൻ പൈലറ്റ് ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ സംസാരിക്കുന്നു എന്നറിയാൻ സംസ്ഥാന സർക്കാർ വിവിധ സംവിധാനങ്ങൾ ഉപയോഗിച്ചത്. സച്ചിൻ എപ്പോഴും അവരുടെ നിരീക്ഷണ വലയത്തിലായിരുന്നു. യഥാർത്ഥത്തിൽ രാജസ്ഥാനിൽ ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നില്ല. പക്ഷേ എംഎൽഎമാരിൽ പലരിലും ജനങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നു. അവർ മാറ്റങ്ങൾ ആഗ്രഹിച്ചു. സിറ്റിംഗ് എംഎൽഎമാരെ മാറ്റണമെന്ന അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും നടപ്പായില്ല. അതൊരു പിടിവാശിയായിരുന്നു. തന്റെ സർക്കാരിനെ താങ്ങി നിർത്തിയവരോടുള്ള കടമയാണ് ഇതെന്നാകാം ഗെഹ്ലോട്ട് കരുതിയതെന്നും” ലോകേഷ് ശർമ്മ പറഞ്ഞു.















