കോട്ടയം: കളക്ടറുടെ ബംഗ്ലാവ് നവീകരിക്കാനായി 85 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. പിഡബ്ല്യുഡി ഒഴിവാക്കി അറ്റകുറ്റപ്പണികൾ നിർമിതി കേന്ദ്രത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ക്യാമ്പ് ഓഫീസിന്റെ നവീകരണത്തിനായാണ് പണം അനുവദിച്ചതെന്നാണ് നൽകുന്ന വിശദീകരണം.
നിലവിലുള്ള സജ്ജീകരണത്തിനുള്ളിൽ സുഗമമായി ക്യാമ്പ് ഓഫീസ് പ്രവർത്തിച്ചിരുന്നു. 2023-24 വർഷത്തെ സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബംഗ്ലാവ് നവീകരണം. ഇത് പ്രകാരം മൂന്ന് മാസം മുൻപ് 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിഡബ്ല്യുഡിക്കായിരുന്നു ചുമതല ഏൽപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് കളക്ടറുടെ നിർദ്ദേശ പ്രകാരം പിഡബ്ല്യുഡിയെ ഒഴിവാക്കാൻ റവന്യു വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇത് അനുവദിച്ച് കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കാനായി കളക്ടർ തന്നെ മുൻകയ്യെടുക്കുകയായിരുന്നുവെന്ന് വ്യക്തം. പിഡബ്ല്യുഡിക്ക് കരാർ നൽകുമ്പോൾ ഏറെ നൂലാമാലകൾ ഉണ്ടെന്നും എന്നാൽ നിർമിതി കേന്ദ്രത്തെ ഏൽപ്പിച്ചാൽ പേപ്പർ ഭാഗം നീക്കാൻ ബുദ്ധിമുട്ടനുഭവപ്പെടില്ലെന്നാണ് റവന്യു വകുപ്പ് നൽകുന്ന വിശദീകരണം. കടക്കെണിയിൽ നട്ടം തിരിയുന്നതിനിടെയാണ് ധനവകുപ്പിന്റെ സഹായം. നിലവിൽ സുഗമമായി പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസിനാണ് നവീകരണത്തിനെന്ന പേരിൽ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്.















