ന്യൂഡൽഹി: രാഷ്‌ട്രീയപരമായി ഇനിയും പക്വത വരാത്തയാളെന്നാണ് രാഹുൽ ഗാന്ധിയെ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി വിശേഷിപ്പിച്ചിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. പ്രണബ് മുഖർജിയുടെ ഡയറിക്കുറിപ്പുകളും, ശർമ്മിഷ്ഠയോട് വ്യക്തിപരമായി പറഞ്ഞിട്ടുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയുള്ള ”ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്‌സ്” എന്ന പുസ്തകത്തിലാണ് ഇത്തരമൊരു പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്.
രാഹുൽ വളരെ മര്യാദയുള്ളവനാണെന്നും, എന്നാൽ രാഷ്‌ട്രീയപരമായി ഇനിയും പക്വത കൈവരിച്ചിട്ടില്ലെന്ന് തന്റെ പിതാവിന് തോന്നിയതായും ശർമ്മിഷ്ഠ ഇതിൽ പറയുന്നു. രാഷ്‌ട്രപതി ഭവനിൽ വച്ചുള്ള കൂടിക്കാഴ്ചകൾക്കിടയിലും പ്രണബ് മുഖർജി രാഹുലിനെ ഉപദേശിച്ചിരുന്നു. മന്ത്രിസഭയുടെ ഭാഗമാകണമെന്നും, രാഷ്‌ട്രീയത്തിൽ നിന്നും പരമാവധി അറിവ് സമ്പാദിക്കണമെന്നുമാണ് ഉപദേശിച്ചത്. എന്നാൽ രാഹുൽ ഇത് ചെവിക്കൊണ്ടില്ലെന്ന് പുസ്തകത്തിൽ പറയുന്നു.
2013 മാർച്ച് 25ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. അന്നത്തെ അനുഭവത്തെ കുറിച്ച് പ്രണബ് തന്റെ ഡയറിയിൽ കുറിച്ചത് ഇപ്രകാരമാണ്. ” രാഹുലിന് വ്യത്യസ്തമായ വിഷയങ്ങളിൽ താത്പര്യമുണ്ട്. എന്നാൽ ഒന്നിലും ഉറച്ച് നിൽക്കാതെ, ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗമാണ് രാഹുൽ തെന്നിമാറുന്നത്. ഓരോ വിഷയത്തേയും അദ്ദേഹം എത്രത്തോളം ഉൾക്കൊള്ളുന്നുണ്ടെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമാണ്” പ്രണബ് മുഖർജി അന്ന് തന്റെ കുറിച്ചത്.















