ന്യൂഡൽഹി: നടിമാരുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയാ ഭട്ട് എന്നിവരുടെ വീഡിയോകളാണ് ഇത്തരത്തിൽ പ്രചരിച്ചത്. ഇതിനെതിരെ ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടി എത്തിയിരിക്കുകയാണ്. നടി പ്രിയങ്ക ചോപ്രയാണ് ഒടുവിലായി ഡീപ് ഫേക്ക് വീഡിയോയുടെ വീഡിയോയുടെ ഇരയായിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ ദിവസം മുതലാണ് പ്രചരിച്ച് തുടങ്ങിയത്. മറ്റ് നടിമാരുടെ മുഖം ഇൻഫ്ളുവൻസർമാരുടെ ശരീരത്തിനൊപ്പം മോർഫ് ചെയ്താണ് പ്രചരിച്ചതെങ്കിൽ പ്രിയങ്കാ ചോപ്രയുടെ വീഡിയോയിൽ അങ്ങനെയല്ല. പ്രിയങ്കയുടെ ശബ്ദമാണ് ഡീപ് ഫേക്ക് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വാർഷിക വരുമാനത്തെക്കുറിച്ച് പ്രിയങ്കാ ചോപ്ര പറയുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചുണ്ടിന്റെ ചലനങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ഇതിന് മുമ്പ് ആലിയ ഭട്ടിന്റെ വീഡിയോയാണ് പ്രചരിച്ചിരുന്നത്. പൂക്കളുള്ള നീല വസ്ത്രം ധരിച്ചു കൊണ്ട് ആലിയ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതായാണ് വീഡീയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.ശ്രദ്ധിച്ച് നോക്കിയാൽ ഇത് ഫേക്ക് വീഡിയോ ആണെന്ന കാര്യവും കാണുന്നവർക്ക് വ്യക്തമാകും.
രശ്മിക വിഷയത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സർക്കാർ ഒരു സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുമെന്നും കേന്ദ്ര ഐടി മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.