ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്റെ ടീസർ പുറത്തുവിട്ടു. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ മോഹൻലാലിന്റെ തമിഴ് ഡയലോഗുകളാണുള്ളത്. ആവേശം ഉയർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ലിജോയുടെ പിതാവ് ജോസ് പെല്ലിശ്ശേരിയുടെ ഓർമ്മ ദിവസമാണ് ഇന്ന്.
ടീസറിൽ നിലത്തിരിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തിനെയാണ് കാണാനാവുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ടീസറിലും വലിയ വ്യക്തത കൊടുത്തിട്ടില്ല. ഇരിക്കുന്നത് ഗോദയിലാണെന്നൊരു സൂചന മാത്രമാണ് ടീസറിലുള്ളത്.
മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിൽ കഥാപാത്രങ്ങളാകുന്നുണ്ട്. വിവിധ ഭാഷകളിലെത്തുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.