മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു യവനിക. കെ.ജി. ജോർജ് ഒരുക്കിയ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. മമ്മൂട്ടി, ഭരത് ഗോപി, തിലകൻ , നെടുമുടി വേണു തുടങ്ങിയവർ വേഷമിട്ട സിനിമയിൽ അശോകനും അഭിനയിച്ചിരുന്നു.
ആ സിനിമയിൽ അഭിനയിച്ച അനുഭവങ്ങളും യവനിക സിനിമയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ അശോകൻ. യവനിക ഒരു പെർഫെക്ട് സിനിമയാണെന്നും അത് ഇന്നത്തെയും വരാനിരിക്കുന്ന തലമുറയ്‌ക്കും ഒരുപാട് പഠിക്കാനുള്ള ചിത്രമാണെന്നുമാണ് അശോകൻ പറയുന്നത്. സിനിമയിലെ എല്ലാകാര്യങ്ങളും നന്നായി അറിയുന്ന വ്യക്തിയാണ് കെ.ജി.ജോർജ് എന്ന സംവിധായകനെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അശോകൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘യവനിക എന്ന സിനിമ ഇന്ന് കണ്ടാലും പെർഫെക്ട് ആണ്. ഒരു അസ്വഭാവികതയും തോന്നാത്ത സിനിമയാണ് യവനിക. അത് ഇന്നും നാളെയുമൊക്കെ പെർഫെക്ട് ആണ്. വരും തലമുറയ്‌ക്ക് പഠിക്കാനുള്ള ഒരു സിനിമയാണത്. കെ. ജി. ജോർജ് എല്ലാ കാര്യത്തിലും മികച്ച ഒരാളായിരുന്നു. അതിപ്പോൾ സിനിമയിലെ കഥയാണെങ്കിലും സംവിധാനമാണെങ്കിലുമെല്ലാം. ക്യാമറയും എഡിറ്റിങ്ങുമെല്ലാം അറിയാം. അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഒരുപാട് നിർദ്ദേശങ്ങൾ എനിക്ക് തന്നിരുന്നു.
യവനികയിൽ ഒരു സീനിൽ ഞാൻ ഇരിക്കുമ്പോൾ എന്നോട് കാല് ആട്ടണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ആ സിനിമയിലൂടനീളം ഞാൻ ആ മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ എല്ലാകാര്യങ്ങളും അറിയുന്ന സംവിധായകനാണ് കെ.ജി. ജോർജ്.’- അശോകൻ പറഞ്ഞു.















