മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൺതടത്തിലെ കറുപ്പ്. ദീർഘ നേരം കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ, ഉറക്കക്കുറവുള്ളവർ, വിറ്റാമിൻ കുറവുള്ളവർ തുടങ്ങിയവരാണ് സാധാരണയായി ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. പല തരത്തിലുള്ള മാർഗങ്ങൾ ഇത് തടയുന്നതിനായി പലരും ചെയ്യാറുണ്ട്. എന്നാൽ ചർമ്മത്തിന് പുറത്ത് ചെയ്യുന്ന സംരക്ഷണത്തിനൊപ്പം തന്നെ ഭക്ഷണത്തിലും ശ്രദ്ധ പുലർത്തിയാൽ വളരെ പെട്ടെന്ന് കൺതടത്തിലെ കറുപ്പ്് കുറയ്‌ക്കാം. ശരീരത്തിന് ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ആവശ്യമാണ്. കണ്ണുകൾക്കും മികച്ച ആരോഗ്യം ലഭിക്കും.
ശരീരത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. രക്തകുഴലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രക്തത്തിന്റെയും ഓക്‌സിജന്റെയും ചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകമാണ്. ഇത് ചർമ്മത്തിൽ സ്വാഭാവിക തിളക്കം നൽകും. നെല്ലിക്ക, ഓറഞ്ച്, ചെറുനാരങ്ങ, ബെറീസ് എന്നിങ്ങനെ നിരവധി പഴങ്ങളിലും പച്ചക്കറികളിലും വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
കൺതടത്തിലെ കറുപ്പ് മാറ്റുന്നതിനായി വിറ്റാമിൻ എ ഉത്തമമാണ്. ഒരു ആന്റി-ഏജീംഗ് വിറ്റാമിനായാണ് ഇത് പ്രവർത്തിക്കുക. കൺ തടത്തിലെ കറുപ്പ്, ചർമ്മത്തിലെ ചുളിവ്, ചർമ്മ അലർജികൾ എന്നിവ മാറ്റുന്നതിനും ഇത് സഹായിക്കും. മാമ്പഴം, ചീര, പപ്പായ തുടങ്ങി മിക്ക പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.
കൺതടത്തിലെ കറുപ്പിന് പ്രധാനകാരണം അനീമിയയാണ്. ശരീരത്തിൽ ഇരുമ്പിന്റെ അഭാവവും കുറഞ്ഞ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നതുമാണ് ഇതിന് കാരണം. ഇങ്ങനെയാകുമ്പോൾ ഈ ഘടകങ്ങൾ കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ വിതരണം മന്ദഗതിയിലാക്കുന്നു, ഇത് കണ്ണുകൾക്ക് താഴെയുള്ള മൃദുവായ ചർമ്മത്തെ ബാധിക്കുന്നു. അതു വഴി കൺ തടങ്ങളിൽ കറുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. പരിപ്പ്, ശർക്കര, ബീറ്റ്‌റൂട്ട്, ചീര, ഇലകൾ എന്നി ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്.
വിറ്റാമിൻ ഇ കണ്ണുകൾക്കടിയിലെ നിറവ്യത്യാസം, ചുളിവുകൾ എന്നിവ മാറ്റാൻ ഉത്തമമാണ്. കൂടാതെ ആന്റിഓക്‌സിഡന്റസും ആന്റി- ഇൻഫളമേറ്ററി ഗുണളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് നട്‌സ് . ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ചർമ്മ സംരക്ഷണത്തിനും മികച്ച ആരോഗ്യത്തിനും നല്ലതാണ്.
ചർമ്മത്തിലെ ടിഷ്യുവിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ കെ. കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നിറവ്യത്യാസം, ചുളിവുകൾ, കൺതടത്തിലെ കറുപ്പ് എന്നിവ കുറയ്‌ക്കാൻ സഹായിക്കും. ചീര, മല്ലിയില, പുതിനയില എന്നിവയിലെല്ലാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.















