ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ പിതാവും മുൻ രാഷ്‌ട്രപതിയുമായ പ്രണബ് മുഖർജിയും തമ്മിൽ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു നിലനിന്നിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. കോൺഗ്രസിനെതിരെ ശക്തമായ വിമർശനം ഉയർത്തുമ്പോൾ പോലും, നരേന്ദ്രമോദി എല്ലായ്‌പ്പോഴും തന്റെ പിതാവിനെ കാണുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു. സത്യസന്ധതയോടെയും തുറന്ന മനസ്സോടെയുമുള്ള ഒരു ബന്ധമായിരുന്നു അതെന്നും ശർമ്മിഷ്ഠ പറയുന്നു. ‘ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്സ്” എന്ന പുസ്തകം ഇറങ്ങുന്നതിന് മുന്നോടിയായി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
” രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പോൾ അച്ഛന് തന്റെ കടമകളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും ഭരണകാര്യങ്ങളിൽ ഒരിക്കലും ഇടപെടാനില്ലെന്ന് ഒരിക്കൽ നരേന്ദ്രമോദിയോട് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവർ രണ്ട് പേരുടേയും പശ്ചാത്തലം നോക്കുകയാണെങ്കിൽ വ്യത്യസ്ത ആശയം പിന്തുടരുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ബന്ധവും പലപ്പോഴും വിചിത്രമായി തോന്നാറുണ്ട്. എന്നാൽ നരേന്ദ്രമോദി ഗുജറാത്ത് പ്രധാനമന്ത്രിയാകുന്നതിന് മുൻപ് മുതൽ, അതായത് വർഷങ്ങൾ പഴക്കമുള്ള ബന്ധമാണ് അവർ രണ്ട് പേരും തമ്മിലുള്ളത്.
ഒരു സാധാരണ പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഡൽഹിയിൽ യോഗങ്ങൾക്കായി എത്തുമ്പോഴും, രാവിലെയുള്ള നടത്തങ്ങൾക്കിടയിലും അച്ഛനെ കാണാറുണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. വളരെ മികച്ച രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയെന്നാണ് അദ്ദേഹം അച്ഛനെ കുറിച്ച് വിശേഷിപ്പിച്ചത്. കാണുമ്പോഴെല്ലാം അദ്ദേഹം അച്ഛന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു.
അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് രസകരമായ പലതും വായിക്കാൻ സാധിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്രമോദി അന്ന് രാഷ്‌ട്രപതിയായിരുന്ന അച്ഛനെ കാണാൻ എത്തുമായിരുന്നു. കോൺഗ്രസ് സർക്കാരിന്റേയും നയങ്ങളുടേയും കടുത്ത വിമർശകനാണ് നരേന്ദ്രമോദി അന്ന്. എന്നാൽ അച്ഛനെ കാണുമ്പോൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യും. അത് തനിക്ക് സന്തോഷം തരുന്നുണ്ടെന്ന് അച്ഛനും പറയുമായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹവും അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും” ശർമ്മിഷ്ഠ മുഖർജി പറയുന്നു.















