ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖർജി എല്ലായ്‌പ്പോഴും സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. രാഹുൽ ഗാന്ധിയുടെ തന്നെ ചില പ്രവർത്തികൾ കാരണമാണ് തന്റെ പിതാവ് അത്തരത്തിൽ ചിന്തിച്ചിരുന്നതെന്നും ശർമ്മിഷ്ഠ പറയുന്നു. ‘ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്‌സ്” എന്ന പുസ്തകത്തിലാണ് ശർമ്മിഷ്ഠ മുഖർജി പിതാവിന്റെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
” ദിവസവും രാവിലെ നടക്കാൻ പോകുന്ന പതിവ് അച്ഛന് ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ മുഗൾ ഗാർഡനിൽ കൂടെ നടക്കുമ്പോഴാണ് രാഹുൽ അദ്ദേഹത്തെ കാണാനായി അവിടേക്ക് എത്തിയത്. രാവിലെയുള്ള നടത്തത്തിനിടയിലും പതിവ് പൂജയുടേയും ഇടയിൽ ഏതെങ്കിലും തരത്തിൽ തടസ്സങ്ങൾ വരുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. രാഹുലിന്റെ വരവ് അച്ഛന് ഇഷ്ടമായില്ലെങ്കിലും കാണാൻ തീരുമാനിച്ചു.
യഥാർത്ഥത്തിൽ വൈകുന്നേരമാണ് രാഹുൽ പ്രണബിനെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാഹുലിന്റെ ഓഫീസിൽ നിന്നും അദ്ദേഹത്തിന് സമയം സംബന്ധിച്ച് തെറ്റായ വിവരം കിട്ടുകയായിരുന്നു. അങ്ങനെയാണ് രാഹുൽ രാവിലെ തന്നെ എത്തുന്നത്. ഇക്കാര്യത്തെ കുറിച്ച് അച്ഛനോട് സംസാരിച്ചിരുന്നു. പരിഹാസത്തോടെയുള്ള മറുപടിയാണ് അതിന് ലഭിച്ചത്. ‘ എഎം, പിഎം’ എന്നതിന്റെ വ്യത്യാസം പോലും തിരിച്ചറിയാത്തവരാണ് ഓഫീസ് നടത്തുന്നത്, അങ്ങനെ ഉള്ളവർ നാളെ ഒരു പിഎംഒ ഓഫീസ് നടത്തിക്കാണിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും” ശർമ്മിഷ്ഠ പുസ്തകത്തിൽ പറയുന്നു.















