മലയാളികൾക്ക് വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കാനൊരുങ്ങി ‘പേരില്ലൂർ പ്രീമിയർ ലീഗ്. മലയാളത്തിലെ മൂന്നാമത്തെ വെബ് സീരിസായ പേരില്ലൂർ പ്രീമിയർ ലീഗിന്റെ ട്രെയിലർ പുറത്തുവിട്ടു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ വഴിയായിരിക്കും വെബ് സീരിസ് പുറത്തു വരുന്നത്. മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ ഈ വെബ് സീരിസിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സണ്ണി വെയ്‌നും നിഖില വിമലും ആദ്യമായി ഒന്നിക്കുകയാണ് പേരില്ലൂർ പ്രീമിയർ ലീഗിലൂടെ.
കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് തുടങ്ങിയവയാണ് നേരത്തെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്തുവന്ന വെബ് സീരിസുകൾ. 2024 ജനുവരി അഞ്ചിനാണ് സീരിസിന്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് വെബ് സീരിസ് ഒരുങ്ങുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വേഷമാണ് നിഖില വിമൽ സീരിസിൽ അവതരിപ്പിക്കുന്നത്.
വെബ് സീരിസിന്റെ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടുകയാണ്. ഈ4 എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ മുകേഷ് ആർ മെഹ്തയും സിവി സാരഥിയും ചേർന്ന് നിർമ്മിക്കുന്ന വെബ് സീരിസിൽ വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നവാഗതനായ പ്രവീൺ ചന്ദ്രനാണ് പേരില്ലൂർ പ്രീമിയർ ലീഗ് സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപാണ് സീരിസിന്റെ രചന നിർവഹിച്ചിരിക്കുന്നത്.