തൃശൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനായുള്ള സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി. കൂർക്കഞ്ചേരി വലിയാലുക്കലാണ് കെ ആർ തോമസ് രക്തസാക്ഷി സ്മാരക ഫുട്‌ബോളിനായി സിപിഎം ബുധാഴ്ച ഭൂമി പൂജ നടത്തി കാൽനാട്ടിയത്. തൃശൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് കെ.ആർ. തോമസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കാറുള്ളത്. ഈ മാസം 17 മുതൽ 2024 ജനുവരി 5 വരെയാണ് ടൂർണമെന്റ് നടക്കുക.
കൊറോണയെ തുടർന്ന് മുടങ്ങിയിരുന്ന ടൂർണമെന്റ് ഈ വർഷമാണ് പുനഃരാരംഭിക്കുന്നത്. ഫ്‌ളഡ് ലൈറ്റ് ടൂർണമെന്റിനായി എല്ലാവർഷവും താത്ക്കാലിക സ്റ്റേഡിയമാണ് പണികഴിപ്പിക്കാറുള്ളത്. ഈ വർഷവും സ്റ്റേഡിയം നിർമ്മിക്കുന്നതിന് മുന്നോടിയായി നടന്ന കാൽനാട്ടൽ ചടങ്ങിലാണ് പൂജ നടത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പോഷക സംഘടനകൾക്കാണ് ഓരോ വർഷവും ടൂർണമെന്റിന്റെ നടത്തിപ്പ് ചുമതല. ഇത്തവണ വ്യാപാരികളുടെ സംഘടനയായ വ്യവസായി സമിതിയ്‌ക്കാണ് ഇതിന്റെ സംഘാടന ചുമതല.
എന്നാൽ ഇത്തവണ പതിവിനും വിപരീതമായി പൂജാരിയെ എത്തിച്ച് ഭൂമി പൂജ നടത്തിയാണ് സ്റ്റേഡിയത്തിന് കാൽനാട്ടിയത്. ചടങ്ങിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങൾ പാർട്ടി ഗ്രൂപ്പിൽ എത്തിയതോടെയാണ് ഭൂമി പൂജ വിവാദമായത്. എന്നാൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ഇതിൽ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തി. മുതിർന്ന നേതാക്കൾ അറിയാതെയാണ് ഇത് ചെയ്തതെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.
അതേസമയം, നവകേരള സദസിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലും പൂജ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിൽ മഴ പെയ്യാതിരിക്കാനാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂജ നടത്തിയത്. താമരമാല വഴിപാടാണ് മഴ പെയ്യാതിരിക്കാൻ പ്രോഗ്രം കമ്മിറ്റി കൺവീനർ നടത്തിയത്.