ചെന്നൈ: തമിഴ്‌നാട്ടിൽ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനാഷ്ടങ്ങൾ വിലയിരുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഹെലികോപ്റ്ററിലെത്തിയാണ് കേന്ദ്രമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തത്. ദുരിതബാധിത പ്രദേശങ്ങൾ നിരീക്ഷിച്ചതിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി.
ദുരന്തനിവാരണ സേനാ, നാവികസേന ഉദ്യോഗസ്ഥരുമായി പ്രതിരോധമന്ത്രി ചർച്ചകൾ നടത്തി. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും അധികാരികളുമായി ചർച്ച നടത്താനും ചെന്നൈയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗ് എക്‌സിലൂടെ അറിയിച്ചിരുന്നു.
ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് മിഷോങ് ചുഴലിക്കാറ്റ് അതിശക്തമായി ബാധിച്ചത്. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയത്തെ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.