മുംബൈ: ബാബാസാഹേബ് അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറിന് മഹാപരിനിർവാൺ ദിവസ് ആചരിച്ച് ആയിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് ദാദറിലെ ചൈത്യഭൂമിയിലെത്തുകയും അബേദ്കറിന്റെ സ്മാരണാർത്ഥം ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തത്.
മഹാരാഷ്‌ട്രയിലെ നാനാ ഭാഗത്ത് നിന്നും നിരവധി പേർ മുംബൈയിലെത്തി. കഴിഞ്ഞ ദിവസം അതി രാവിലെ തുടങ്ങിയ ആദരാഞ്ജലി അർപ്പിക്കൽ രാത്രി വരെ നീണ്ടുനിന്നു. രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും ചൈത്യ ഭൂമി സന്ദർശിക്കാനെത്തിയിരുന്നു.
1956 ഡിസംബർ ആറിനാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവും ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയുമായിരുന്ന ബിആർ അംബേദ്കർ അന്തരിച്ചത്. അദ്ദേഹത്തെ സംസ്‌ക്കരിച്ച ദാദറിലെ പ്രദേശമാണ് ഇന്ന് ചൈത്യഭൂമി എന്നറിയപ്പെടുന്നത്.















