ജയ്പൂർ: പാകിസ്താനിൽ ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താനിൽ നിന്നും മടങ്ങിയെത്തിയ അഞ്ജു. ഇന്ത്യയിലെത്തിയ അഞ്ജു ദിവസങ്ങളായി മാദ്ധ്യമങ്ങൾക്ക് പിടികൊടുക്കാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ഭിവാഡി പോലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇനി പാകിസ്താനിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി വെളിപ്പെടുത്തിയത്.
ഇനി പാകിസ്താനിൽ ജീവിക്കില്ലെന്നും തന്റെ സ്വപ്ന നഗരമായ ദുബായിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അഞ്ജു പറഞ്ഞത്. വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ ഹിന്ദുവല്ലെന്നും, ഹിന്ദു നിയമങ്ങൾ അറിയില്ലെന്നും ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നതെന്നും യുവതി മൊഴി നൽകി. ഭർത്താവുമായി പിണങ്ങി സ്വന്തം ഇഷ്ടപ്രകാരമാണ് താൻ പാകിസ്താനിലേക്ക് പോയതെന്നാണ് അഞ്ജു പോലീസിനോട് പറഞ്ഞത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിൽ തിരിച്ചെത്തിത്. ഇപ്പോൾ ഫാത്തിമ എന്നറിയപ്പെടുന്ന 34 കാരിയായ യുവതി ജൂലൈ മുതൽ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് താമസിക്കുന്നത്. അഞ്ജു തന്റെ ഫേസ്ബുക്ക് സുഹൃത്തായ നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .
അഞ്ജുവിനും നസ്‌റുല്ലയ്‌ക്കുമെതിരെ ഭർത്താവായ അരവിന്ദ് ഭിവാഡി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ വിശദമായി ചോദ്യം ചെയ്തത്.















