ലക്നൗ : ശ്രീരാമന്റെ ജീവിതത്തെ കുറിച്ച് വിനോദസഞ്ചാരികൾക്ക് അറിവ് നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യയിലെ സരയൂ നദിക്കര ഗുപ്തർ ഘട്ടിൽ “ശ്രീറാം അനുഭവ കേന്ദ്രം ” “പഞ്ചവടി ദ്വീപും” സ്ഥാപിക്കാൻ ഒരുങ്ങുന്നു. അയോദ്ധ്യയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഒന്നായിരിക്കും ഈ നീക്കമെന്ന് അധികൃതർ പറഞ്ഞു.
സരയൂ നദിയുടെ തീരത്ത് 75 ഏക്കറിൽ ശ്രീറാം അനുഭവ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി.റാം അനുഭവ കേന്ദ്രം നിർമ്മിക്കുകയും , പഞ്ചവടി ദ്വീപിൽ “വേദ നാഗരികതയെക്കുറിച്ച് ഉൾക്കാഴ്ചകൾ” നൽകുകയും ചെയ്യും. “സനാതന സാംസ്കാരിക വേരുകൾ ദൈനംദിന ജീവിതത്തിൽ സ്വാംശീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും സന്തുഷ്ടവുമായ അസ്തിത്വത്തിലേക്കുള്ള പാത പരിപോഷിപ്പിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം, – അധികൃതർ പറയുന്നു.
1000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പഞ്ചവടി ദ്വീപിൽ 75 ഏക്കറിൽ രാം അനുഭവ കേന്ദ്രം നിർമ്മിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നത് . അടുത്തിടെ നടന്ന ഉന്നതതല യോഗത്തിൽ ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര നിർമാണവുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (എൻഒസി) ശുപാർശ നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.