മുൻകാലങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയതും ബോക്സോഫീസിൽ വൻ വിജയം നേടിയതുമായ സിനിമകൾ ഇപ്പോൾ റീറിലീസ് ചെയ്യാറുണ്ട്. ടെലിവിഷനിലും മറ്റും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണെങ്കിലും അവ ബിഗ് സ്ക്രീനില്‍ കാണാത്ത ഒരു തലമുറയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്നത്. ഒപ്പം പഴയ തലമുറ എത്തുമെന്ന പ്രതീക്ഷയും അണിയറ പ്രവർത്തകരുടെ ഉള്ളിലുണ്ടാകും.
ഇതിൽ നിന്നും വ്യത്യസ്തമായൊരു ചിത്രമാണ് നാളെ മുതൽ ആഗോളതലത്തിൽ റീറിലീസിന് എത്തുന്നത്. റിലീസ് സമയത്ത് പരാജയം നേരിട്ട കമല്‍ ചിത്രം ‘ആളവന്താനാ’ണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുന്നത്. കമല്‍ ഇരട്ടവേഷങ്ങളില്‍ എത്തിയ ചിത്രം സുരേഷ് കൃഷ്ണയാണ് സംവിധാനം ചെയ്തത്.
സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായ ആളവന്താൻ 2001-ലാണ് തിയറ്ററുകളിലെത്തിയത്. കമല്‍ഹാസന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസനൊപ്പം രവീണ ഠണ്ടന്‍, മനീഷ് കൊയ്‌രാളയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
25 കോടി ബജറ്റില്‍ നിർമ്മിച്ച ചിത്രം വലിയ പ്രതീക്ഷയോടെയാണ് നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു റീ റിലീസ് ചെയ്യുന്നത്. ആഗോളതലത്തിൽ ഡിസംബര്‍ 8 നാണ് റീറിലീസ് ചെയ്യുന്നത്. സിംഗപ്പൂര്‍, ഗൾഫ്, യുകെ, കാനഡ, മലേഷ്യ, ശ്രീലങ്ക, ഓസ്ട്രേലിയ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചിത്രം എത്തുന്നുണ്ടെന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. ബാഷയും സ്ഫടികവുമൊക്കെ പോലെ റീ റിലീസില്‍ ആളവന്താനും തരംഗമാവുമോ എന്നറിയാന്‍ അല്‍പദിവസം കാത്തിരിക്കണം.















