എറണാകുളം: സീറോ മലബാർ സഭയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാർപാപ്പയുടെ ആഹ്വാനം. വത്തിക്കാനും മാർപാപ്പയും എന്തു ചിന്തിക്കുന്നു എന്ന സംശയത്തിന് ഇടവരാതിരിക്കാനാണു വീഡിയോ സന്ദേശം നൽകുന്നത് എന്ന് വ്യക്തമാക്കിയാണു സിനനഡ് കുർബാനയ്‌ക്കു വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തത്.
എറണാകുളം – അങ്കമാലി അതിരൂപതയിലെ സംഘർഷങ്ങളിൽ തനിക്ക് വിഷമമുണ്ടെന്ന് പറഞ്ഞാണ് മാർപാപ്പ വീഡിയോ ആരംഭിക്കുന്നത്. സഭയിൽ ഐക്യം നിലനിൽക്കണമെന്നും ക്രിസ്മസിന് ദേവാലയങ്ങളിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഏകീകൃത കുർബാനയെ സംബന്ധിച്ച് സിനഡിൽ ഉൾപ്പെടെ തർക്കം നിലനിന്നിരുന്നു. എന്നാൽ സഭയുടെ ഐക്യത്തിന് വേണ്ടിയാണ് എല്ലാവരും ഒത്തൊരുമിച്ച് തീരുമാനം എടുത്തത്.
വത്തിക്കാനും മാർപാപ്പയും ഏകീകൃത കുർബാനയർപ്പിക്കാൻ പലതവണ ആവർത്തിച്ചിരുന്നു. എങ്കിൽ ഇതിന് തയ്യാറല്ല എന്ന രീതിയിലാണ് അങ്കമാലി, എറണാകുളം അതിരൂപതയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ മാസങ്ങൾക്ക് മുമ്പ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വത്തിക്കാൻ പ്രതിനിധിയായി അയച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഏകീകൃത കുർബാന അർപ്പിക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല. സഹകരണമില്ലായ്മ മൂലം സഭയിൽ നിന്ന് പുറത്തുപോകേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അങ്ങനെ പ്രവർത്തിച്ചാൽ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ മാർപാപ്പ പറയുന്നു.















