തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19- ന് ഹാജരാകണമെന്നാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇഡി വർഗീസിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും വർഗീസ് ഹാജരായിരുന്നില്ല.
കരുവന്നൂർ ബാങ്കിലെ സിപിഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നത്. അനധികൃത വായ്പകൾ നേടിയവരിൽ നിന്ന് വൻ തുകകൾ പാർട്ടി ഫണ്ടുകളായി കൈപ്പറ്റിയോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. കരുവന്നൂർ ബാങ്കിൽ സി പി എമ്മിന് അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് ഇഡി വ്യക്തമാക്കി. സിപിഎം അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തിൽ കുറയാത്ത ഇടപാടുകൾ നടത്തിയതായും എംപി രാജു, പിആർ അരവിന്ദാക്ഷൻ എന്നിവരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ സിപിഎമ്മിന്റെ രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചിരുന്നു. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചു. അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ വര്‍ഗീസ് ഒഴിഞ്ഞുമാറിയിരുന്നു. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് വർഗീസ് മൊഴി നൽകിയത്.















