കൊല്ലം: കേരളത്തെ നടുക്കിയ ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ് വാദിക്കാൻ അടിപിടി കൂടി അഭിഭാഷകർ. പദ്മകുമാറിനെയും കുടുംബത്തെയും ഇന്നലെ കോടതിയിൽ ഹാജാരാക്കിയപ്പോൾ ലഗൽ സർവീസ് അതോറിറ്റി നേരത്തെ നിയോഗിച്ച അഡ്വ. കെ.സുഗുണൻ, അഡ്വ. അജി മാത്യു എന്നിവർക്ക് പുറമേ നാല് അഭിഭാഷകർ കൂടി രംഗത്തെത്തി.
സരിത എസ്. നായരുടെ ആദ്യകാല അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റ് രണ്ട് അഭിഭാഷകരുമാണ് തങ്ങളാണ് പത്മകുമാറിന്റെയും ഭാര്യ അനിതാ കുമാരിയുടെയും മകൾ അനുപമയുടെയും അഭിഭാഷകരെന്ന വാദവുമായി രാവിലെ തന്നെ കോടതി പരിസരത്തെത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോൾ വക്കാലത്ത് ഒപ്പിടാൻ ഇവരിൽ പലരും പ്രതികളെ വളയുകയും ചെയ്തു.
പദ്മകുമാറിന്റെ ബന്ധുക്കൾ തനിക്ക വക്കാലത്ത് തന്നെന്ന വാദവുമായി കൃഷ്ണകുമാർ എന്ന അഭിഭാഷകൻ രംഗത്തെത്തി. പ്രതികളെ ഹാജരാക്കുമ്പോൾ അഭിഭാഷകർ ഇല്ലാതിരുന്നതിനാൽ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് രണ്ട് പേരെ അനുവദിച്ചിട്ടുണ്ടെന്നും തർക്കമുണ്ടെങ്കിൽ പ്രതികളുമായി സംസാരിച്ച് ധാരണയിലെത്താനും കോടതി നിർദ്ദേശിച്ചു. തുടർന്ന് ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകർ മതിയെന്ന് പ്രതികൾ നിലപാട് എടുക്കുകയായിരുന്നു.















