കോഴിക്കോട്: ക്രിസ്മസിന് റേഷൻ വിതരണം മുടങ്ങും. റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക നൽകുന്നത് കുടിശ്ശികയായതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. നവകേരളാ സദസിലുൾപ്പെടെ പരാതി നൽകിയിട്ടും കമ്മീഷൻ തുക നൽകുന്നതിൽ നടപടിയുണ്ടാകില്ലെന്നാണ് കടയുടമകൾ പറയുന്നത്. നീല,വെള്ള കാര്‍ഡുടമകൾക്ക് അരിയും മഞ്ഞ, പിങ്ക് കാര്‍ഡുടമകൾക്ക് ആട്ടയും വിതരണം ചെയ്യുന്നതാണ് മുടങ്ങുക.
കുടിശ്ശിക തുക തീർത്തും ലഭിക്കാതെ അരിയും ആട്ടയും വിതരണം ചെയ്യില്ലെന്ന് കടയുമടകൾ പറഞ്ഞു. ലഭിക്കേണ്ട പണം സമയത്തിന് കിട്ടിയില്ലെങ്കിൽ വ്യാപാരികൾ ദുരിതത്തിലാകുമെന്നാണ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറയുന്നത്. കമ്മീഷൻ തുക കുടിശ്ശികയായ സാഹചര്യത്തിൽ റേഷൻ കടയുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഒക്ടോബര്‍, നവംബര്‍ മാസത്തിലെ കമ്മീഷനും ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെയാണ് കടുത്ത നടപടികളുമായി കടയുടമകൾ രംഗത്തെത്തിയത്. മുന്‍കൂര്‍ പണമടച്ചാല്‍ മാത്രമേ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും അരിയും ആട്ടയുമുള്‍പ്പെടെ റേഷന്‍ സാധനങ്ങൾ വ്യാപാരികള്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാൽ കമ്മീഷന്‍ ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ പണമടക്കാന്‍ യാതൊരു നിർവാഹവുമില്ലെന്നാണ് കടയുടമകള്‍ പറയുന്നത്.