-സഞ്ജയ് കുമാർ കെ.എസ്
ഇന്ത്യയുമായി ദൃഢമായ ബന്ധം വച്ചുപുലർത്തുന്ന ലോക രാജ്യങ്ങളിലൊന്നാണ് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദം തന്നെയാണ് അതിന്റെ പ്രധാന കാരണം. ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമായി തന്നെ മുന്നോട്ട് പോകുകയാണ്. പല അവസരങ്ങളിലും ഇന്ത്യയെയും നരേന്ദ്രമോദിയെയും റഷ്യൻ പ്രസിഡന്റ് വാനോളം പുകഴ്‌ത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ എന്ത് കടുത്ത നിലപാടുകളും നരേന്ദ്രമോദി കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ വാക്കുകൾ വളരെയധികം ചർച്ചയാവുകയും ചെയ്തു. പുടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന പുതിയ ഒരു കാര്യമല്ല. നിരവധി തവണ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയെ പ്രധാനമന്ത്രി മോദിയുടെ “വ്യക്തിഗത വിജയം” എന്നും റഷ്യൻ പ്രസിഡന്റ് വിശേഷിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ബന്ധം എങ്ങനെ വികസിച്ചുവെന്നും ഇന്ത്യയേയും മോദിയെയും റഷ്യൻ പ്രസിഡന്റ് എങ്ങനെ നിരീക്ഷിക്കുന്നു എന്നും വിലയിരുത്തേണ്ടതുണ്ട്. വിവിധ വേദികളിൽ വച്ച് നരേന്ദ്രമോദിയെ കുറിച്ച് പുടിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക.
കഴിഞ്ഞ ദിവസം ‘റഷ്യ കോളിംഗ്’ എന്ന പരിപാടിയിൽ സംസാരിക്കവെ നരേന്ദ്രമോദിയെപ്പറ്റി പുടിൻ പറഞ്ഞത്,
“യുക്രെയ്‌നിലെ യുദ്ധത്തിനിടയിലും റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നതിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട്, ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്വീകരിക്കാൻ മോദിയെ ഭയപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അതെനിക്ക് അറിയാം. പക്ഷെ, അത് സാധ്യമല്ല. സത്യം പറഞ്ഞാൽ, ഇന്ത്യൻ ജനതയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കടുത്ത നിലപാട് മോദി എടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്”.
2023 നവംബർ 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉപപ്രധാനമന്ത്രി അലക്‌സി ഓവർചുക്കും ജി 20 വെർച്വൽ ഉച്ചകോടിയുടെ ഭാഗമായി വെർച്വർ മീറ്റിംഗ് നടത്തിയിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്ന് പുടിൻ വ്യക്തമാക്കിയിരുന്നു.
“എല്ലാ മേഖലകളിലും ഇന്ത്യയും റഷ്യയും ഒരുമിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ പ്രധാന ഉറപ്പ് പ്രധാനമന്ത്രി മോദി പിന്തുടരുന്ന നയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിറ്റുവരവ് അനുദിനം വളരുകയാണ്. കഴിഞ്ഞ വർഷം ഇത് പ്രതിവർഷം 35 ബില്യൺ ഡോളറായിരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് ഇതിനകം 33.5 ബില്യൺ ആയിരുന്നു. അതായത്, വളർച്ച പ്രാധാന്യമുള്ളതായിരിക്കും. റഷ്യയുടെ ഊർജ്ജ സ്രോതസ്സുകളിലെ കിഴിവുകൾ കാരണം വലിയൊരു പരിധി വരെ ഇന്ത്യയ്‌ക്ക് മുൻഗണനകൾ ലഭിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര വിറ്റുവരവ് വർദ്ധിപ്പിക്കുന്നത് ഏറ്റവും മികച്ച കാര്യമാണ്”– എന്നായിരുന്നു പുടിൻ പറഞ്ഞത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ലോക രാജ്യങ്ങൾ എല്ലാം കാത്തിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് വേണ്ടിയാണ്. പുടിനോട് സംസാരിക്കാൻ നരേന്ദ്രമോദിക്ക് കഴിയുമെന്ന് എല്ലാ രാജ്യങ്ങളും വിശ്വസിച്ചു. ആ വിശ്വാസം വെറുതേ ആയില്ല. “യുദ്ധത്തിന്റെ യുഗം” അവസാനിച്ചുവെന്ന് മോദി പുടിനോട് പറഞ്ഞു. യുദ്ധം ചെയ്യുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു കോട്ടവും തട്ടിയില്ല. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദം അവഗണിച്ച് റഷ്യയിൽ നിന്ന് വിലക്കുറവിൽ ക്രൂഡ് വാങ്ങുന്നത് ഇന്ത്യ തുടരുകയാണ്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരായുള്ള യുഎൻ ജനറൽ അസംബ്ലി വോട്ടുകളിൽ നിന്നും ഇന്ത്യ വിട്ടുനിന്നതും ഇരുവരും തമ്മിലുള്ള ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലും മോദിയുടെ നേതൃത്വത്തെ പുടിൻ പ്രശംസിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ ബുദ്ധിമാൻ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. ഒക്‌ടോബർ 5 ന് മോസ്‌കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് വാൽഡായി ഇന്റർനാഷണൽ ഡിസ്‌കഷൻ ക്ലബ്ബിന്റെ 20-ാമത് വാർഷിക യോഗത്തിൽ സംസാരിച്ച പുടിൻ, പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യ ഓരോ വർഷവും ശക്തമാകുകയാണെന്ന് പറഞ്ഞു.
“സ്വതന്ത്രവും ശക്തമായ ദേശീയ താത്പര്യങ്ങൾ വച്ചു പുലർത്തുന്നതുമാണ് ഇന്ത്യൻ നേതൃത്വം. പാശ്ചാത്യ രാജ്യങ്ങളുടെ ഗ്രൂപ്പുകളെ അന്ധമായി പിന്തുടരാൻ തയ്യാറാകാത്തവരെ അവർ ശത്രുക്കളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി അവർ ഈ സമീപനമാണ് സ്വീകരിക്കാറ്. ചില സാഹചര്യങ്ങളിൽ ഇന്ത്യയോടും ഇങ്ങനെ തന്നെ. എന്നാൽ, റഷ്യയെ ഇന്ത്യയിൽ നിന്നും അകറ്റാനുള്ള ശ്രമങ്ങൾ അർത്ഥശൂന്യമാണ്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്‌ട്രമാണ്”– പുടിൻ പറഞ്ഞിരുന്നു.
2021-ൽ, ആഗോള ശക്തിയായും സൈനിക-സാങ്കേതിക മേഖലയിൽ റഷ്യയുടെ ഏറ്റവും നല്ല സുഹൃത്തായും ഇന്ത്യയെ പുടിൻ വിശേഷിപ്പിച്ചിരുന്നു.
“ഞങ്ങൾ ഞങ്ങളുടെ ഒരു പങ്കാളിയുമായും പ്രവർത്തിക്കാത്ത വിധത്തിൽ ഇന്ത്യയുമായി പ്രവർത്തിക്കുന്നുണ്ട്”.
മേക്ക് ഇൻ ഇന്ത്യയെ പുടിൻ പ്രശംസിച്ചിരുന്നു.
“റഷ്യയുടെ ഏറ്റവും നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ആശയം അവതരിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ എന്ന ആശയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വളരെ പ്രകടമായ സ്വാധീനം ചെലുത്തി. ഈ ആശയത്തെ റഷ്യ മാതൃകയാക്കും. ഇത് റഷ്യൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും”– എന്നായിരുന്നു പുടിൻ പറഞ്ഞത്.
‘മോദി യഥാർത്ഥ രാജ്യസ്‌നേഹി’ എന്നായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ മറ്റൊരു പ്രസ്താവന
“പതിറ്റാണ്ടുകളായി ഇന്ത്യയുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്. ഞങ്ങൾക്ക് ഇന്ത്യയുമായി ഒരിക്കലും പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. തന്നെ തടയാൻ എത്ര ശ്രമിച്ചാലും തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി ഒരു സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന ലോകത്തിലെ ആളുകളിൽ ഒരാളാണ് പ്രധാനമന്ത്രി മോദി. മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യസ്നേഹിയാണ്. മേക്ക് ഇൻ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ ആശയവും എടുത്ത് പറയേണ്ടതാണ്. ഭാവി ഇന്ത്യയുടേതാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതിലും ആ രാജ്യത്തിനുണ്ടാകുന്ന വികസനത്തിന്റെ വേഗതയിലും അഭിമാനിക്കാം”– എന്നും കഴിഞ്ഞ ഒക്ടോബറിൽ പുടിൻ പറഞ്ഞിരുന്നു.
ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിലാണ് വ്‌ളാഡിമിർ പുടിനും നരേന്ദ്രമോദിയും അവസാനമായി നേരിട്ട് കണ്ടത്. അതിനു ശേഷം ഇരു നേതാക്കളും മുഖാമുഖം കണ്ടിട്ടില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും പ്രശംസിക്കാൻ പുടിൻ മറക്കാറില്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ‘റഷ്യ കോളിംഗ്’ എന്ന പരിപാടിയിൽ വച്ച് പുടിൻ നടത്തിയ പ്രസ്താവന. നരേന്ദ്രമോദിയിൽ തനിക്കുള്ള വിശ്വാസവും സൗഹൃദവും ആരാധനയും ബഹുമാനവുമാണ് റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കുന്നത്.