കൊച്ചി: വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സർക്കാരിന് തിരിച്ചടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പടെ 12 എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രി, മകൾ വീണാ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ സ്വമേധയാ കക്ഷി ചേർത്തുകൊണ്ടാണ് ഹൈക്കോടതി നടപടി. ഹർജിയിൽ എതിർ കക്ഷികളുടെ കൂടി വാദം കേട്ട് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയതിനെത്തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടർന്ന് കേസ് നിലനിൽക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നാണ് വീണ വിജയൻ 1.72 കോടി രൂപ കൈപ്പറ്റിയത്. ഇൻകം ടാക്‌സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മൂന്നുവർഷമാണ് വീണയ്‌ക്ക് സിഎംആർഎല്ലിൽ നിന്ന് പണം കിട്ടിയതെന്നാണ് കമ്പനിയുടെ രേഖകളിലുള്ളത്.