ഇലക്ട്രിക് വാഹനങ്ങളിൽ പേരെടുത്തതിന് പിന്നാലെ മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ. വാഹനം നിരത്തിലെത്തിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി. പഞ്ച് ഇവിയുടെ ട്രയൽ റണ്ണിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
കാറിന്റെ രൂപം പൂർണമായും മൂടിക്കെട്ടിയ നിലയിലാണ് നിരത്തിലിറക്കി പരീക്ഷണ ഓട്ടം നടത്തുന്നത്. വാഹനത്തിന്റെ ഇ.ഡി ഡി.ആർ.എൽ മാത്രമാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നെക്‌സോൺ ഇവിയുടേതിന് സമാനമായി എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്‌ലാമ്പ് ആണ് ഈ വാഹനത്തിലുമുള്ളത്. റെഗുലർ പമ്പിൽ നിന്നും ഡിസൈൻ മാറ്റം വരുത്തിയുള്ള ബമ്പറാണ് പിന്നിൽ ഘടിപ്പിച്ചിരിക്കുന്നത്. വേരിയന്റുകൾക്ക് അനുസൃതമായി അലോയി വീലുകൾ, വീൽ കവറുകൾ എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ടിഗോർ ഇലക്ട്രിക്കുമായി മെക്കാനിക്കൽ ഫീച്ചേഴ്‌സ് പങ്കിട്ടായിരിക്കും പഞ്ച് ഇവി അവതരിപ്പിക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇലുമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ ടൂ സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ പഞ്ച് ഇവിയിൽ ഉണ്ടാകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, വയർലെസ് ചാർജിംഗ് തുടങ്ങിയവയും ഉണ്ടാകുമെന്നാണ് സൂചന.