പണം നൽകിയാൽ മാത്രമെ ഇനി മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10-ന്റെ സേവനം നിങ്ങൾക്ക് ലഭ്യമാകൂ. അതും മൂന്ന് വർഷത്തേക്ക് മാത്രമെന്നും ശ്രദ്ധിക്കണം. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ഒക്ടോബർ 14-ന് ഇതിന്റെ പിന്തുണ അവസാനിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ ഉപയോക്താക്കൾക്ക് വിൻഡോസ് 11-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് സൗജന്യവും എളുപ്പവുമാണ്. ഒരു പതിറ്റാണ്ടോളം പഴക്കമുള്ള ഒഎസ് ഉപയോഗിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് കമ്പനി സൗജന്യ അപ്‌ഗ്രേഡ് നൽകിയിരിക്കുന്നത്. കൂടാതെ ഫീസ് ഈടാക്കലും മൈക്രോസോഫ്റ്റ് പരീക്ഷിക്കുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിൻഡോസ് 11-ലേക്ക് സൗജന്യ അപ്‌ഡേറ്റാണ് നൽകുന്നത്. എന്നാൽ വിൻഡോസ് 12-ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് ചാർജുകൾ ഈടാക്കിയേക്കാം. വിൻഡോസ് 12-ന്റെ എഐയുടെ സാധ്യതകൾ ലഭിക്കുന്നതിനും പ്രത്യേക നിരക്ക് എടുക്കേണ്ടി വന്നേക്കാം.
2025 ഒക്ടോബർ 14-ന് ശേഷം വിൻഡോസ് 10 ഉപയോഗിക്കുന്നതിൽ സുരക്ഷിതത്വം ഉണ്ടാകില്ല. ഇവയിൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കില്ല. ഈ തീയതിക്ക് ശേഷം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് യാതൊരു വിധ സുരക്ഷാ അപ്‌ഡേറ്റുകളോ സാങ്കേതിക പിന്തുണയോ മൈക്രോസോഫ്റ്റ് നൽകില്ല.















