ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെ വെർച്വലായാണ് അദ്ദേഹം ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യുന്നത്. ആയിരത്തിലധികം വരുന്ന ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
രണ്ടായിരത്തിലധികം ഡിബി വാനുകൾ ഉപയോഗപ്പെടുത്തും. രാജ്യത്തെ വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, പൊതു സേവന കേന്ദ്രങ്ങൾ എന്നിവ വെർച്വലായി പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇത് സംബന്ധിച്ച് പിഐബി വാർത്താക്കുറിപ്പ‍് പുറത്തിയിറക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പൂർത്തികരണം, ഗുണഭോക്താക്കളിലേക്ക് പദ്ധതികൾ എത്തുന്നത് ഉറപ്പാക്കൽ എന്നിവയാണ് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ലക്ഷ്യം. സർക്കാരിന്റെ പ്രധാന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും താഴെതട്ടിൽ വരെ വികസനം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് വികസിത് ഭാരത് യാത്ര സങ്കൽപ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.