തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂന്ന് പേരിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കാട്ടാക്കട മലയൻകീഴ് സ്വദേശി ശിവപ്രസാദാണ് അറസ്റ്റിലായത്.
2021-ലാണ് സംഭവം. പൊഴിയൂരിൽ നിന്നുമുള്ള മൂന്ന് യുവാക്കൾക്ക് ഇയാൾ കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുകയായിരുന്നു. 12 ലക്ഷത്തോളം രൂപ ഇവരിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തു.
പണം തട്ടിയ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നു. തുടർന്ന് യുവാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഇത്തരത്തിൽ നിരവധി പേരെ പ്രതി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.