തിരുവനന്തപുരം: ഡോ. ഷഹ്നയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനെയും പോലീസ് പ്രതി ചേർത്തു. പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്ന ഷഹ്നയുടെ അമ്മയുടെ മൊഴിയെ തുടർന്നാണ് റുവൈസിന്റെ പിതാവിനെയും കേസിൽ പ്രതി ചേർത്തത്.
ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്. ഇന്നലെ ബന്ധുക്കളുടെ വീട്ടിലുൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും റുവൈസിന്റെ പിതാവിനെ കണ്ടെത്താനായില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി. റിവൈസിന്റഎ പിതാവിനെ കുറിച്ചാണ് മൊഴിിയൽ പ്രത്യേകമായി പറയുന്നത്. റുവൈസും ബന്ധുക്കളും പണത്തിനായി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നത്. അവസാന നിമിഷമാണ് റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്.
ബന്ധത്തിൽ നിന്ന് പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഷഹ്ന രാവിലെ റുവൈസിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നെങ്കിലും റുവൈസ് നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹാനയുടെ മനോനില കൂടുതൽ വഷളാകാൻ കാരണമായെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുൻപ് ഷഹ്ന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹ്ന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹ്നയുടെ മൊബൈലിൽ നിന്ന് ഇത് സംബന്ധിച്ച തെളിവും പോലീസിന് ലഭിച്ചു.















