റിലീസിനൊരുങ്ങുന്ന സിനിമകളിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതിനോടകം ആരാധകർ ഏറ്റെടുത്ത ടീസറിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന കമ്മലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ കമ്മലിന്റെ പിന്നിലെ കഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റ്. സോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
തന്റെ പിതാവ് ശിവാനന്ദൻ നിർമ്മിച്ച കമ്മലാണ് ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ചിരിക്കുന്നതെന്ന് യുവാവ് പറയുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർേദ്ദശപ്രകാരമാണ് സ്വർണത്തിലുള്ള കമ്മൽ നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം കമ്മൽ നിർമ്മിക്കുന്ന വിവിധ ഘട്ടങ്ങളും സേതു ശിവാനന്ദൻ പങ്കുവച്ച വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
എന്റെ പിതാവ് നന്നായി സ്വർണാഭരണങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്. കൃഷ്ണപുരം കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് പിതാവ് ജോലി ചെയ്യുന്നത്. കമ്മൽ നിർമ്മിക്കുമ്പോൾ ഒരു റഫ് ഫീൽ വേണം, കൈകൊണ്ടു നിർമിച്ചതാകണം എന്നാണ് സംവിധായകൻ ലിജോ ജോസ് പറഞ്ഞത്. അതനുസരിച്ചാണ് ഈ കമ്മൽ ഉണ്ടാക്കിയത്. എന്നാൽ കഴിഞ്ഞദിവസം സിനിമയുടെ ടീസർ കണ്ടപ്പോഴാണ് ഒരുപാട് സന്തോഷമായത്.
ടീസറിന്റെ ആദ്യ ഷോട്ടിൽ തന്നെ ഈ കമ്മൽ കാണിക്കുന്നുണ്ട്. ഒരിക്കലും അത്തരത്തിലൊന്ന് പ്രതീക്ഷിച്ചിരുന്നില്ല, തങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വീഡിയോ ഇടുന്നതെന്നും സേതു ശിവാനന്ദൻ പറഞ്ഞു.