പാറ്റ്ന: ബിജപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരന്റെ മർദ്ദനത്തിന് ഇരയായ മുസ്ലീം യുവതിക്ക് സ്വാന്തനവുമായി ശിവരാജ് സിംഗ് ചൗഹാൻ. സമീന മക്കളുമായി ഔദ്യോഗിക വസതിയിൽ എത്തിയാണ് ശിവരാജ് സിംഗിനെ കണ്ടത്. സഹോദരിയെന്ന് വിളിച്ച് അഭിസംബോധന ചെയ്ത ശിവരാജ് സിംഗ് ചൗഹാൻ ഒന്നിനെക്കുറിച്ചും ആശങ്ക വേണ്ടെന്നും എല്ലാം തരത്തിലുള്ള പിന്തുണ നൽകുമെന്നും പറഞ്ഞു.
ശക്തമായ ജനാധിപത്യം നിലനിർത്താൻ ബിജെപിക്ക് വോട്ട് ചെയ്തതിന് ഒരു സഹോദരിയെ കുടുംബം ഉപദ്രവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം സഹോദരിക്ക് പൂർണ സുരക്ഷയും സാമ്പത്തിക സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെഹോർ ജില്ലയിലെ ബർഖേദ ഹസൻ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത് . അഹമ്മദ്പൂർ സ്വദേശി ജാവേദ് ഖാനാണ് സഹോദരന്റെ ഭാര്യ സമീനയെ മർദ്ദിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന്റെ ‘ ലാഡ്‌ലി ബെഹ്‌ന യോജന’-യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സമീന ഭാരതീയ ജനതാ പാർട്ടിക്ക് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി ജയിച്ചതോടെ സമീന പ്രദേശത്തെ ആഘോഷ പരിപാടികളിലും പങ്കെടുത്തു. ഇതായിരുന്നു ഭർത്താവിന്റെ സഹോദരനായ ജാവേദിനെ പ്രകോപിതനാക്കിയത്. തുടർന്ന്, ജാവേദും ഭാര്യയും ചേർന്ന് സമീനയെ മർദ്ദിക്കുകയായിരുന്നു.
സമീന നിലവിളിക്കാൻ തുടങ്ങിയതോടെ പണ്ഡിറ്റ് വിദ്യാ സാഗർ എന്ന അയൽവാസിയായിരുന്നു യുവതിയെ രക്ഷിച്ചത്. സംഭവത്തെ തുടർന്ന് സമീന അഹമ്മദ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 34, ഐപിസി 294 തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















