മുംബൈ: വനിതാ പ്രീമിയർ ലീഗ് താരലേലം അവസാനിക്കുമ്പോൾ കോടികൾ വാരി ഓസ്‌ട്രേലിയൻ താരം അനബെല്ല സതർലൻഡും ഇന്ത്യൻ താരം കാശ്വീ ഗൗതവും. രണ്ടു കോടി രൂപയ്‌ക്കാണ് ഇരുവരും ലേലത്തിൽ വിറ്റഴിഞ്ഞത്. കാശ് വീ ഗൗതത്തെ യുപി വാരിയേഴ്‌സുമായുള്ള കടുത്ത ലേലം വിളിക്കൊടുവിലാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന കർണാടകയുടെ വൃന്ദ ദിനേശിനെ 1.30 കോടി രൂപയ്‌ക്കാണ് യുപി വാരിയേഴ്‌സ് സ്വന്തമാക്കിയത്.
രണ്ട് കോടി രൂപയ്‌ക്കാണ് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ അനബെല്ല സതർലൻഡ് ഡൽഹി ക്യാപിറ്റൽസിൽ എത്തിയത്. മലയാളി താരം സജ്‌ന സജീവിനെ 15 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സജ്‌ന സജീവനെ ഡൽഹിയുമായുള്ള ലേലം വിളിക്കൊടുവിലാണ് 15 ലക്ഷം രൂപയ്‌ക്ക് മുംബൈ ടീമിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ ഷബ്‌നിം ഇസ്മായിലിനെ 1.2 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. ഫീബി ലിച്ച്ഫീൽഡിനെ ഒരു കോടി രൂപയ്‌ക്ക് ഗുജറാത്ത് ജയന്റ്‌സ് തട്ടകത്തിലെത്തിച്ചു. ഇന്ത്യൻ താരങ്ങളായ വേദ കൃഷ്ണമൂർത്തി ഗുജറാത്ത് ജയന്റ്‌സിലും എക്ത ബിഷ്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലും കളിക്കും.















