ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. കോൺഗ്രസിന് ധീരജ് സാഹുവിന്റെ ബിസിനസുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇതുവരെ കണക്കിൽ പെടാത്ത 300 കോടി രൂപയോളമാണ് കണ്ടെടുത്തത്. ഒരു അന്വേഷണ ഏജൻസി ഒറ്റ ഓപ്പറേഷനിൽ ഇതാദ്യമായാണ് ഇത്രയും വലിയ അളവിൽ കള്ളപ്പണം പിടിച്ചെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
വിഷയത്തിൽ കോൺഗ്രസിനെതിരെ കൂടി വിമർശനം ശക്തമായതിന് പിന്നാലെയാണ് ജയറാം രമേശ് വിശദീകരണവുമായി രംഗത്തെത്തിയത്. ” ധീരജ് സാഹുവിന്റെ ബിസിനസുകളുമായി പാർട്ടിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. ആദായനികുതി വകുപ്പ് അയാളുടെ ഇടങ്ങളിൽ നിന്ന് ഇത്ര വലിയ തുക കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് എങ്ങനെ ആണെന്ന് വിശദീകരിക്കാൻ ധീരജ് സാഹുവിന് മാത്രമാണ് കഴിയുക” എന്നും ജയറാം രമേശ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിട്ടുണ്ട്. ‘ഓരോ രൂപയും പൊതുജനങ്ങൾക്ക് തിരികെ കൊടുക്കും എന്നത് മോദിയുടെ ഉറപ്പാണെന്നാണ്’ അദ്ദേഹം എക്‌സിൽ കുറിച്ചത്.
ബിജെപി നേതാക്കളും ധീരജ് സാഹുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള ധീരജ് സാഹുവിന്റെ ഫോട്ടോ പങ്കുവച്ച അമിത് മാളവ്യ, കള്ളന്മാരെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്നതെന്നും പരിഹസിച്ചു. കള്ളപ്പണം പിടിച്ചെടുത്ത വിഷയത്തിൽ രാഹുലിന്റെ മൗനം സംശയാസ്പദമാണെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞത്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ധീരജ് സാഹുവിനെ മൂന്ന് തവണ രാജ്യസഭയിലേക്ക് എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് അയച്ചതെന്നും, ആ പണം ആർക്ക് വേണ്ടിയായിരുന്നു എന്നതിൽ അന്വേഷണം വേണമെന്നും ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.
2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എംപിയാണ് ധീരജ് സാഹു. ഇയാളുമായി ബന്ധപ്പെട്ട് ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്റ്റിലറി ഗ്രൂപ്പിലും പരിശോധന നടന്നിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. അതേസമയം പിടിച്ചെടുത്ത നോട്ടുകൾ ഇനിയും എണ്ണിത്തീർന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.















