കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്‌ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ബന്ധുക്കൾ തടഞ്ഞില്ലെന്ന് മകൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഷബ്‌നയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവർ മരണത്തിന് ഉത്തരവാദികൾ ആണെന്നായിരുന്നു മകൾ വെളിപ്പെടുത്തിയത്. ഷബ്‌നയുടെ മകളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഷബ്‌നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെ അമ്മാവൻ ഹനീഫയെ കഴിഞ്ഞദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്തായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്‌ന ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. ഷബ്‌നയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.
അതേസമയം സംഭവത്തിൽ ഷബ്‌നയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി ഷബ്‌ന പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർതൃവീട്ടുകാർ ഷബ്‌നയെ അസഭ്യം പറയുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാനാകും. ഷബ്നയെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ചും ഭർത്താവിന്റെ വീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിനിടെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്‌നയെ അടിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് ഷബ്‌ന ജീവനൊടുക്കിയത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഹനീഫ ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.















