കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ 11.30-ഓടെയായിരുന്നു സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. മകൻ സന്ദീപാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ച് ചിതയ്‌ക്ക് തീ പകർന്നത്.
മുഖ്യമന്ത്രി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ തുടങ്ങിയ നേതാക്കൾ കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നേരിട്ടെത്തി. തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ട പിഎസ് സ്മാരകത്തിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയോടെയായിരുന്നു കാനത്തിന്റെ മൃതദേഹം വിലാപയാത്രയായി കോട്ടയത്തെ വസതിയിലേക്ക് എത്തിച്ചത്. മന്ത്രിമാരും വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും വസതിയിലെത്തിയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എട്ട് വർഷമായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രണ്ട് തവണ നിയമസഭാ സാമാജികനുമായി.















